Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇഡിയുടെ അന്വേഷണവും ഐബി മുന്നോട്ടുവയ്ക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച എസ്ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. എസ്.പി.ശശിധരന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി മണിയെന്ന ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്നും ചോദ്യംചെയ്യും.
രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി മണിയെ ചോദ്യം ചെയ്തത്. 2019-20 കാലത്ത് ഡി. മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു.
പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി. മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ശ്രമം നടന്നു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ട്. കേരളത്തിലേക്ക് നിരവധി തവണ മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.
അതേസമയം, മണിയെ കൂടാതെ ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന ചെന്നൈ സ്വദേശിയായ വ്യവസായി ഡി. മണിയില്‍ നിന്നു മൊഴിയെടുക്കാന്‍ എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
പ്രവാസി വ്യവസായി എസ്ഐടിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിലേക്കു നീങ്ങിയത്.
നാല് പഞ്ചലോഹവിഗ്രങ്ങള്‍ ശബരിമലയില്‍ നിന്നു കടത്തിയെന്നും ഇതിന് ഇടനിലക്കാരനായി നിന്നത് ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നെന്നുമാണ് പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയത്.
2020 ഒക്ടോബര്‍ 26 ന് വിഗ്രഹങ്ങള്‍ വില്‍പ്പന നടത്തിയതിനുള്ള പണം കൈമാറ്റം നടന്നുവെന്നും ശബരിമലയിലെ ഭരണചുമതലയുള്ള ഒരു ഉന്നതനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഡി. മണിയും മാത്രമായിരുന്നു പണം കൈമാറ്റസമയത്ത് ഉണ്ടായിരുന്നതെന്നാണ് പ്രവാസിയുടെ മൊഴി.
വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നതെന്നായിരുന്നു വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്‍ണക്കള്ളക്കടത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് എസ്ഐടിക്ക് ആദ്യം മൊഴി നല്‍കിയത്.
500 കോടിയുടെ ഇടപാടാണ് നടന്നതെന്നും തന്നോട് ഇക്കാര്യം പറഞ്ഞത് പ്രവാസി വ്യവസായിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഈ വ്യവസായിയില്‍നിന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
അദ്ദേഹവും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഡി. മണിയുടെ ബന്ധവും വ്യവസായി എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഡി. മണിയിലേക്ക് നീങ്ങിയത്.
Kerala
കൊല്ലം : ശബരിമല സ്വർണപ്പാളി കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ജനുവരി അഞ്ചുവരെ നീട്ടി.
റിമാൻഡ് നീട്ടുന്നതിനെ പ്രതിഭാഗം അഭിഭാഷകർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നായിരുന്നു വാദം. അന്വേഷണ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും ചുണ്ടികാണിച്ചു. എന്നാൽ രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണമായതിനാൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. എ.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരിക്കുമ്പോൾ ബോർഡ് അംഗമായിരുന്ന ശങ്കരദാസിനും അഡ്വ. വിജയകുമാറിനും എതിരെ അന്വേഷണം ഇല്ലാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്റ്റിലായത്.
ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് വിവരം. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍.
സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണ കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.
കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലാവുന്നത്.
ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്.
മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ആദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരിഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവച്ച കവറിൽ എസ്ഐടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്റെ മറുപടികൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ബുധനാഴ്ച ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.
കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും തന്നെക്കാള്‍ അടുത്ത ബന്ധമുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് തന്ത്രിമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കടകംപള്ളി സുരേന്ദ്രനില്‍ നിന്നു മൊഴിയെടുത്തിയിരുന്നില്ല. കോടതി നിര്‍ദേശാനുസരണം മാത്രമായിരിക്കും കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് അനന്തസുബ്രഹ്മണ്യം.
ചോദ്യം ചെയ്തതിന് ശേഷം അനന്തസുബ്രഹ്മണ്യത്തെ തിങ്കളാഴ്ച രാത്രിയോടെ നോട്ടീസ് നൽകി വിട്ടയച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പിന്നീട് അനന്തസുബ്രഹ്മണ്യമാണ് പാളികൾ നാഗേഷിന് കൈമാറിയത്.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയിൽ ഇന്നു നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിക്കുക.
1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ന് മുതല്‍ ഹൈക്കോടതിയിലെ നടപടികള്‍ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സമ്പന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയിൽ. ഹൈക്കോടതി രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇന്ന് രാവിലെ ദേവസ്വം ബെഞ്ചില്‍ ആദ്യ കേസായി ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കും. അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ആണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ആറാഴ്ച കൊണ്ട് പൂർത്തിയാക്കേണ്ട അന്വേഷണത്തിന്റെ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ കോടതിയെ ധരിപ്പിക്കണമെന്ന് നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്.
കേസിന്റെ രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് റിപ്പോർട്ട് അടച്ചിട്ട മുറിയിൽ കേൾക്കാൻ കോടതി തീരുമാനിച്ചത്. അന്വേഷണം പാതിവഴിയിൽ എത്തിനിൽക്കുന്ന ഈ ഘട്ടത്തിൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.